Tuesday, 5 April 2011

പൌലോസിനെ വിദര്‍ഭയിലേക്ക് അയക്കണം: കര്‍ഷക സംഘടനകള്‍


    കേരളത്തിലെ കര്‍ഷക ആത്മഹത്യ 2007ഓടെ ഇല്ലാതാക്കിയ വി എസ് അച്യുതാനന്ദനെ കര്‍ഷകവഞ്ചകന്‍ എന്ന്ആക്ഷേപിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ എല്‍ പൌലോസിനെ ദുര്‍ഗുണ പാഠശാലയിലേക്കെന്നപോലെ ഇപ്പോഴും കര്‍ഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലേക്കയക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാസെക്രട്ടറി എം വേലായുധനും കിസാന്‍സഭാ ജില്ലാസെക്രട്ടറി അമ്പി ചിറയിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വയനാട്ടില്‍ അഞ്ഞൂറിലേറെ കര്‍ഷകര്‍ ആത്മഹത്യചെയ്ത ഘട്ടത്തില്‍ കര്‍ഷക കടം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയെ ന്യായീകരിക്കുകയാണ് പൌലോസ്. ഇദ്ദേഹത്തെ വിദര്‍ഭയിലയച്ച് കര്‍ഷകരുടെ ദുരിതം തിരിച്ചറിയാന്‍ അവസരം നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വയനാട്ടിലെ കര്‍ഷകകടം ഏറ്റെടുക്കാനും രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കാനും തയ്യാറായി.

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാറാണെന്ന് കൊട്ടിഘോഷിക്കുന്ന കെ എല്‍ പൌലോസ് മഹാരാഷ്ട്രയിലും ആന്ധ്രയിലും രാജ്യത്താകെയും ഇപ്പോഴും തുടരുന്ന കര്‍ഷക ആത്മഹത്യ കണ്ടില്ലെന്ന് നടിക്കുകയാണ്. 2008ല്‍ മഹാരാഷ്ട്രയില്‍ മാത്രം 4453 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്ക്. 2011 ജനുവരിയില്‍ വിദര്‍ഭയില്‍ 55കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യ സൃഷ്ടിച്ചത് ഇടതുപക്ഷമല്ല. കോണ്‍ഗ്രസ് നടപ്പാക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളാണെന്ന വസ്തുത മറച്ച് വെക്കുന്ന പൌലോസ് കര്‍ഷകരെ വഞ്ചിക്കുകയാണ്. പ്രസ്തുത നയം തിരുത്താന്‍ തയ്യാറാകാത്ത കോണ്‍ഗ്രസാണ് കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുമെന്ന് പറയുന്നത്- വേലായുധനും അമ്പി ചിറയിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment