Tuesday, 5 April 2011

തൊഴിലുറപ്പ്-കടാശ്വാസ പദ്ധതികള്‍ ഇടതുപക്ഷ നയം: പി കൃഷ്ണപ്രസാദ്

കല്‍പ്പറ്റ: ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് എ കെ ആന്റണി പരിശ്രമിക്കുന്നതെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍കാര്‍ നടപ്പാക്കിയ ഇടതുപക്ഷ നയങ്ങളായ തൊഴിലുറപ്പ് -കടാശ്വാസ പദ്ധതികളുടെ പേരില്‍ വോട്ടുചോദിക്കുന്ന ആന്റണി രണ്ടാം യുപിഎ സര്‍കാര്‍ നടപ്പാക്കിയ കാര്‍ഷികമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം, പെട്രോളിയം വില നിയന്ത്രണം എടത്തുകളയല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍കരണ നിയമം, ഇന്‍ഷുറന്‍സ് ബാങ്ക് സ്വകാര്യവല്‍കരണ നിയമം തുടങ്ങിയ ഉദാരവല്‍കരണ നയങ്ങളുടെ പേരില്‍ വോട്ടുചോദിക്കാത്തത് എന്തുകൊണ്ട് എന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ നടപടികളുടെ പേരിലാണ് ആന്റണി അഭിമാനംകൊള്ളുന്നത്. ഈ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകളും ആദിവാസി പട്ടിണി മരണങ്ങളും ഇല്ലാതാക്കിയതെന്നാണ് ആന്റണി പറയുന്നത്. ഒന്നാം യുപിഎ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഇടതുപക്ഷം നിര്‍ദേശിച്ച കോമ മിനിമം പരിപാടിയിലുള്‍പ്പെടുത്തിയ പദ്ധതികളാണ് തൊഴിലുറപ്പ് കടാശ്വാസ പദ്ധതികളും ആദിവാസി വനാവകാശ നിയമവും. ഇവയാകട്ടെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ഇടതുപക്ഷ നയങ്ങളാണ്. ഈ സര്‍ക്കാരിനെ പിന്തുണക്കാന്‍ കേരളത്തില്‍നിന്ന് ഒറ്റ കോണ്‍ഗ്രസ് എംപിപോലും ഉണ്ടായിരുന്നില്ല എന്ന് ആന്റണി മറക്കരുത്. 64 ഇടതുപക്ഷ എംപിമാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും കടാശ്വാസപദ്ധതിയും യാഥാര്‍ഥ്യമാവുമായിരുന്നില്ല. കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാരാണെങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉള്‍പ്പടെ രാജ്യത്താകെ നടക്കുന്ന കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആന്റണി മറുപടി പറയണം.

2008ല്‍ രാജ്യത്താകെ നടന്ന 16196 കര്‍ഷക ആത്മഹത്യകളില്‍ 4453ഉം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ്. 2011 ജനുവരിയില്‍ മാത്രം വിദര്‍ഭയില്‍ 55 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ വയനാട്ടില്‍ അഞ്ഞൂറിലേറെ കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തഘട്ടത്തില്‍ കടം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിന് ആന്റണി മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍ 2006ല്‍ അധികാരമേറ്റ ദിവസം തന്നെ കടം ഏറ്റെടുക്കുകയും രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും 2007 ഓടെ കേരളത്തിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ചെയ്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഇരട്ടമുഖക്കാരന്‍ എന്ന് അക്ഷേപിക്കാനാണ് ആന്റണി തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ 1991മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് കര്‍ഷക ആത്മഹത്യ സൃഷ്ടിച്ചത്. രാജ്യത്താകെ കര്‍ഷക ആത്മഹത്യ തുടരുമ്പോഴും ഈ കര്‍ഷകദ്രോഹ നയം തിരുത്താന്‍ തയ്യാറാവാതെ എ കെ ആന്റണി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന കര്‍ഷകപ്രേമം കാപട്യമാണെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു

No comments:

Post a Comment